നൂറ്റാണ്ടുകൾ പഴക്കമുള്ള എന്നാൽ ചരിത്രത്തിൽ തെളിവുകൾ അവശേഷിക്കാൻ പാടില്ലാത്ത ഒരു കവിതയാർന്ന കഥ.
പ്രണയത്തിന്റെ അത്ഭുതങ്ങളും അതിന്റെ സത്യവും രഹസ്യങ്ങളും തേടി അലഞ്ഞ ഒരു ചെറുപ്പക്കാരന്റെ മുൻപിൽ മുസാഫിർ ആയ ഒരു മനുഷ്യൻ കൈനീട്ടി.
അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശം കണ്ട് അവൻ ആ യാത്രികനെ ആ തെരുവീഥിയുടെ ചാരത്തെ പുഴയൊഴുകുന്ന വൃക്ഷത്തണലിൽ കൊണ്ടുപോയി.
തന്റെ പൊതിയിൽ അവശേഷിച്ച രണ്ടു റൊട്ടിയും ഒരു ഈത്തപ്പഴവും അദ്ദേഹത്തിനു നൽകി.
ആ ഭക്ഷണത്തിന് ഇത്രയേറെ മധുരമുണ്ടെന്നവൻ തിരിച്ചറിഞ്ഞത്
അദ്ദേഹം അത് ഭക്ഷിച്ചപ്പോൾ ആണ്.
പുഞ്ചിരി മായാത്ത പ്രകാശപൂരിതമായി ആ മനുഷ്യന്റെ മുഖത്തെ പ്രസന്നത കൂടി കൂടി വന്നു.
അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശത്തിൽ ആ ചെറുപ്പക്കാരന് പ്രതീക്ഷകൾ മൊട്ടിട്ടു.
അവൻ തന്റെ അലച്ചിലുകളെ കുറിച്ച്
ആ വലിയ മനുഷ്യനോട് പറഞ്ഞു;
'അദ്ദേഹം ഒന്നും മിണ്ടിയില്ല'
അവൻ തുടർന്ന്:
എന്റെ ഒരു ചോദ്യത്തിന്റെ മറുപടിയെങ്കിലും താങ്കൾ പറഞ്ഞു തരണം.
അദ്ദേഹം അവനോടാദ്യമായി ചുണ്ടുകൾ ചലിപ്പിച്ചു;
ചോദിച്ചോളൂ എനിക്ക്
സാധിക്കുമെങ്കിൽ ഞാൻ പറയാം.
അവൻ ചോദിച്ചു:
ഭൗതിക പ്രണയത്തെയും അഭൗതിക പ്രണയത്തെയും കുറിച്ച് എനിക്ക് പറഞ്ഞു തരാമോ..?
അദ്ദേഹം പ്രതിവചിച്ചു:
അഭൗതിക പ്രണയത്തെക്കുറിച്ചു പറയാൻ എന്റെ സമയം എന്നെ അനുവദിക്കുന്നില്ല.
കാരണം; ഞാൻ ഒരു വൃദ്ധനാണ്.
ഒരു ജീവിത കാലം മുഴുവൻ പറഞ്ഞാലും അനുഭവിച്ചാലും കാത്തിരുന്നാലും തീരാത്ത ഒന്നാണത്.
അതുകൊണ്ട് അതിനെ കുറിച്ച് ഞാൻ കുറച്ചു മാത്രം പറയാം.
ഒരിക്കൽ മൗലാ പറയുകയുണ്ടായി:
"പ്രണയത്തിന്റെ അറവുശാലയിൽ ഏറ്റവും മികച്ചതിനെ മാത്രമേ കൊല്ലാറുള്ളു.
വൈകല്യമുള്ളവയേയും
വേച്ചു വേച്ചു നിൽക്കുന്നവയേയുമല്ല"
അദ്ദേഹം തുടർന്ന്:
നീ നിന്നെ പൂർണമായി തിരിച്ചറിയുന്ന നേരം;
അതിനു ശേഷം ഉള്ള നിന്റെ കാത്തിരിപ്പ്,സമർപ്പണം.
പിന്നെ രഹസ്യങ്ങൾ ഉള്ളിലൊതുക്കേണ്ടി വരുന്ന പ്രണയം.
"പാരമാർഥിക സത്യം"
അവസാനിപ്പിക്കുന്നത് പോലെ അയാൾ നിറുത്തി ശേഷം പറഞ്ഞു:
ഇതു മതിയാകും നിന്റെ മുന്നിലേക്കുള്ള വഴികളിലെവിടെയോ ഒരു ഒരു ചെറിയ പാലമായി.
നീ ഇനിയും അന്വേഷിക്കുക, പ്രാർഥിക്കുക
അതിനു വേണ്ടി.
അദ്ദേഹം നിർത്തി.
ഒരു നിമിഷം നിശബ്ദത പാലിച്ചു
ശേഷം തുടർന്നു:
ഭൗതിക പ്രണയം അത് രണ്ടു വിധമാണുള്ളത്.
അതിലൊന്ന് പ്രണയമല്ല നരകമാണ്.
ദൈവസന്നിധിയിലെ മാരകമായ തെറ്റ്
അവർ പ്രണയിക്കുന്നു സമൂഹത്തിലെ സാധാരണക്കാർക്ക് പ്രണയമെന്ന മഹാകാവ്യത്തിന്റെ അർത്ഥം നശിപ്പിക്കാൻ വേണ്ടി മാത്രം.
ഇവിടെ കാമുകനും കാമുകിയും ഉണ്ട്
ആ പ്രണയമെന്ന നരകത്തിൽ ഒരുപാട് അവസാനങ്ങളും അതിൽ കൂടുതൽ ആരംഭങ്ങളും ഉണ്ടാകും.
അവളുടെയോ അവന്റെയോ മുൻപിൽ അതിൽ ഒരുപാട് മുഖങ്ങൾ മാറിമറിഞ്ഞു കൊണ്ടേയിരിക്കും
അത് ചിലപ്പോൾ ഒരേ സമയമാകാം അല്ലാതെയും ആകാം.
ഇത് പ്രണയമല്ല ജനക്കൂട്ടങ്ങൾക്ക് പരസ്പരം വാമൊഴിയായി സംവദിക്കാനുള്ള പ്രാണനില്ലാത്ത മൂന്ന് അക്ഷരങ്ങൾ മാത്രം.
ആ യാത്രികൻ വീണ്ടും പറഞ്ഞു തുടങ്ങി:
പിന്നെ രണ്ടാമത്തേത്;
പ്രണയം എന്നതിന്
അല്ലെങ്കിൽ;
സ്നേഹമെന്നതിന് അർത്ഥം തുളുമ്പുന്ന ഒന്ന്.
അവിടെ കാമുകനില്ല കാമുകിയും ഇല്ല
അവൻ അല്ലെങ്കിൽ അവൾ ഒരു പുഷ്പത്തെ ആഗ്രഹിക്കുന്നതു പോലെ അവരിൽ ഒരാൾ മാത്രം ആഗ്രഹിക്കുന്നു.
അവൻ പോലും അറിയാതെ അവൻ സ്വപ്‌നങ്ങൾ കാണുന്നു.
ഇത് നഷ്ടങ്ങളുടെ ഒരു തുടർച്ചയാകാം
പലപ്പോഴും; എപ്പോഴുമല്ല.
അവൻ സ്നേഹിക്കുന്ന ആ പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും നിറഞ്ഞ സാനിധ്യത്തിൽ അവന്റെ പ്രണയവിശാലത പോലും സംതൃപ്തമാകും പലപ്പോഴും.
സുഗന്ധവും സൗന്ദര്യവും വിതറുന്ന ആ പുഷ്പത്തിനറിയില്ല തന്റെ സൗരഭ്യം അവനെ തന്നിൽ ആഴ്തികളഞ്ഞിരിക്കുന്നു എന്ന്.
ആ പുഷ്‌പം തന്റേതാവേണമേ എന്നവൻ
ഉള്ളുരുകി പ്രാർത്ഥിക്കും.
ആ പൂവ് ഒന്നും അറിയുന്നില്ല.
അവൾക്കുവേണ്ടിയുള്ള അലച്ചിലുകളിൽ അവന് എപ്പോഴും സമാധാനം നൽകുന്നത് ദൈവസാനിധ്യം ആയിരിക്കും.
അവൾ നഷ്ടപ്പെടുക എന്നത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്.
അവന്റെ കരളിൽ നിന്ന് ആ പുഷ്പത്തിന്റെ സുഗന്ധം നഷ്ട്ടപ്പെട്ട് അത് മറ്റൊരാളിൽ ലയിച്ചാൽ പിന്നെ അവനിൽ ആ മലരിന് സൗന്ദര്യം മാത്രം.
അതും അവന്റെ മനസ്സിന്റെ താളം സ്ഥിരതയോടെ അവശേഷിച്ചാൽ.
എന്നാൽ ഒരിക്കൽ അവന്റെ ആത്മാർത്ഥതയിൽ ദൈവം കാരുണ്യം ചൊരിയും.
ഇങ്ങനെ ഉള്ളവ വളരെ കുറവായിരിക്കും.
കാരണം;
ആത്മാര്ഥതയുള്ളവരുടെ
പ്രണയസാക്ഷാത്കാരങ്ങൾക്കും,
ശുദ്ധമായ രണ്ടു മനസ്സുകൾക്കും മാത്രം ലഭിക്കുന്ന ദൈവാനുഗ്രഹമാണത്
അതായത്;
ദൈവസ്നേഹം.
അവർക്കത് ഒരിക്കലും നഷ്ടപ്പെടില്ല അതിന്റെ ആനന്ദം ദൈവം നൽകുന്നതാണ് അത് അവസാനിക്കുകയും ഇല്ല.
അതിൽ തെറ്റുകൾ അവശേഷിക്കില്ല
ദൈവാനുഗ്രഹത്താൽ സ്വർഗ്ഗത്തിൽ പോലും ഹൂറിയുടെ രൂപത്തിൽ അവൾ അവനോടൊപ്പം ജീവിച്ചുകൊണ്ടേയിരിക്കും.
പക്ഷെ; ആത്മാർത്ഥമായ സ്നേഹങ്ങളും നഷ്ട്ടപ്പെട്ടു പോകാറുണ്ട്.
അത് ദൈവം കാണാത്തതല്ല കണ്ടതുതന്നെയാണ്;
ആ ആത്മാർത്ഥതക്ക് ദൈവസന്നിധിയിൽ അവനെ മനോഹരമായ എന്തോ ഒന്ന് കാത്തിരിപ്പുണ്ട്.
ഇത്രയും പറഞ്ഞ് അദ്ദേഹം കുറച്ചു നിമിഷങ്ങൾ മൗനം പാലിച്ചു.
ഒടുവിൽ അദ്ദേഹം അവനിൽ ദൈവാനുഗ്രഹം വർഷിക്കട്ടെ എന്നു പറഞ്ഞു യാത്രയായി.
ആ യാത്രികൻ തന്റെ കണ്ണുകൾക്ക് നഷ്ട്ടപ്പെടുന്നതുവരെ അവൻ നോക്കിയിരുന്നു.
കൊള്ളാം
ReplyDelete